തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് താത്കാലിക- കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കോടതി കേസുകൾ ഒഴിവാക്കാൻ പുതുക്കിയ മാർഗനിർദേശങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി.
കാഷ്വൽ, താത്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് പുതിയ മാർഗരേഖ. നിലവിൽ ജോലി ചെയ്യുന്ന കാഷ്വൽ സ്വീപ്പർമാർക്ക് അതതു ജില്ലകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികകളിൽ ഇനി മുതൽ വരുന്ന ഒഴിവിന്റെ 20 ശതമാനം തസ്തികകളിലേക്ക് നിയമനം അനുവദിക്കാൻ കഴിയുമോ എന്നു പരിശോധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേകം തീരുമാനമെടുക്കാനാണ് മന്ത്രിസഭാ നിർദേശം.
സർക്കാർ സ്ഥാപനങ്ങളിൽ പലയിടത്തും താത്ക്കാലിക തസ്തികകളിൽ രാഷ്ട്രീയ നിയമനമാണ് നടക്കുന്നതെന്നാണ് ആരോപണം.സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ താല്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് നേരത്തെ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് നിയമനം നടത്തരുതെന്ന മുൻ ഉത്തരവുകൾ പാലിക്കാത്തതിനെയാണ് കോടതി വിമർശിച്ചത്.